Skip to main content

കുമാരനാശാന്റെ കവിത : ഗുരു

ഗുരു 

ആരായുകിലന്ധത്വമൊഴിച്ചാദിമഹസ്സിൻ
നേരാംവഴി കാട്ടും ഗുരുവല്ലോ പരദൈവം;
ആരാദ്ധ്യനതോർത്തിടുകിൽ ഞങ്ങൾക്കവിടുന്നാം
നാരായണമൂർത്തേ, ഗുരു നാരായണമൂർത്തേ.

അമ്പാർന്നവരുണ്ടോ പരവിജ്ഞാനികളുണ്ടോ
വമ്പാകെവെടിഞ്ഞുള്ളവരുണ്ടോയിതുപോലെ
മുമ്പായി നിനച്ചൊക്കെയിലും ഞങ്ങൾ ഭജിപ്പൂ
നിമ്പാവനപാദം ഗുരു നാരായണമൂർത്തേ.

അന്യർക്കു ഗുണം ചെയ്‌വതിനായുസ്സു വപുസ്സും
ധന്യത്വമൊടങ്ങാത്മതപസ്സും ബലിചെയ്‌വൂ;
സന്യാസികളില്ലിങ്ങനെ യില്ലില്ലമിയന്നോർ
വന്യാശ്രമമേലുന്നവരും ശ്രീഗുരുമൂർത്തേ.

വാദങ്ങൾ ചെവിക്കൊണ്ടു മതപ്പോരുകൾ കണ്ടും
മോദസ്ഥിരനായങ്ങു വസിപ്പൂ മലപോലെ
വേദാഗമസാരങ്ങളറിഞ്ഞങ്ങൊരുവൻ‌താൻ
ഭേദാരികൾ കൈവിട്ടു ജയിപ്പൂ ഗുരുമൂർത്തേ.

മോഹാകുലരാം ഞങ്ങളെയങ്ങേടെയടിപ്പൂ
സ്നേഹാത്മകമാം പാശമതിൽ കെട്ടിയിഴപ്പൂ;
ആഹാ ബഹുലക്ഷം ജനമങ്ങേത്തിരുനാമ-
വ്യാഹാരബലത്താൽ വിജയിപ്പൂ ഗുരുമൂർത്തേ.

അങ്ങേത്തിരുവുള്ളൂറിയൊരമ്പിൽ വിനിയോഗം
ഞങ്ങൾക്കു ശുഭം ചേർത്തിടുമീ ഞങ്ങടെ “യോഗം.”
എങ്ങും ജനചിത്തങ്ങളിണക്കി പ്രസരിപ്പൂ
മങ്ങാതെ ചിരം നിൻ പുകൾപോൽ ശ്രീഗുരുമൂർത്തേ.

തമ്പോലെയുറുമ്പാദിയെയും പാർത്തിടുമങ്ങേ-
ക്കമ്പോടുലകർത്ഥിപ്പൂ ചിരായുസ്സു ദയാബ്ധേ
മുമ്പോൽ സുഖമായ് മേന്മതൊടുന്നോർക്കരുളും കാൽ
തുമ്പോടിനിയും വാഴ്ക ശതാബ്ദം ഗുരുമൂർത്തേ.

Comments

Popular posts from this blog

വൈലോപ്പിള്ളി ശ്രീധരമേനോന്‍ : കാക്ക

കാക്ക കൂരിരുട്ടിന്‍റെ കിടാത്തി,യെന്നാല്‍ സൂര്യപ്രകാശത്തിനുറ്റ തോഴി, ചീത്തകള്‍ കൊത്തി വലിക്കുകിലു- മേറ്റവും വൃത്തിവെടുപ്പെഴുന്നോള്‍, കാക്ക നീ ഞങ്ങളെ സ്നേഹിക്കിലും കാക്കണം സ്വാതന്ത്ര്യമെന്നറിവോള്‍. പൊന്നുപുലരിയുണര്‍ന്നെണീറ്റു ചെന്നുകിഴക്കു തീ പൂട്ടിടുമ്പോള്‍, കാളുന്ന വാനത്തു നാളികേര- പ്പൂളൊന്നു വാടിക്കിടന്നിടുമ്പോള്‍, മുത്തൊക്കുമത്താഴവറ്റു വാനിന്‍ മുറ്റത്തു ചിന്നിയടിഞ്ഞിടുമ്പോള്‍, കേള്‍ക്കാം പുളിമരക്കൊമ്പില്‍നിന്നും കാക്ക കരഞ്ഞിടും താരനാദം, "ആരാണുറങ്ങുന്ന,തേല്‍ക്കുകെ''ന്നായ് കാരണവത്തി തന്നുക്തിപോലെ! പാടിക്കളിക്കട്ടെ നാലുകെട്ടില്‍ മാടത്ത,തത്ത,കുയില്‍,പിറാക്കള്‍., ഉള്‍പ്രിയമെങ്കിലും, ഗേഹലക്ഷ്മി- ക്കെപ്പോഴും കാക്കയോടെന്നു ഞായം! ഉള്ളിലടുപ്പത്തു മണ്‍കലത്തില്‍ നല്ലരി വെള്ളിയായ് തുള്ളിടുമ്പോള്‍ മേലെ മധുരക്കിഴങ്ങുവള്ളി- പോലേ പുക പടര്‍ന്നേറിടുമ്പോള്‍, അങ്ങാശു കോലായിലമ്മ ചോറിന്‍ ചങ്ങാതിമാരെ ചമച്ചിടുമ്പോള്‍, ആഞ്ഞുതിമിര്‍ക്കുമൊരുണ്ണി,മണ്ണില്‍ ഞാഞ്ഞൂലുമായ് പടവെട്ടിടു...

ബാലാമണി അമ്മ : മാതൃഹൃദയം

"ഉമ്മവയ്ക്കാന്‍ വയ്യിതിനെയുമെന്നാകി- ലമ്മയ്ക്കു കാട്ടിത്തരില്ല ഞാനെന്‍ മുഖം" തന്‍ ചെറുപൂച്ചയെ പുല്‍കിനിന്നിങ്ങനെ കൊഞ്ചിനാള്‍ ചെറ്റുകയര്‍ത്തുകൊണ്ടെന്‍ മകള്‍. സ്വച്ഛതമങ്ങളാമക്കണ്‍ മുനകളി- ലശ്രുക്കള്‍ മിന്നിത്തിളങ്ങീ പൊടുന്നനെ. മന്ദം കുനിഞ്ഞു ഞാന്‍ ചുംബിച്ചു, പൈതലിന്‍ മാറിലിണങ്ങുമാ മല്ലികച്ചെണ്ടിനെ; അസ്വസ്ഥ ഭാവേന ചൂളിസ്സരോമാഞ്ച- മജ്ജന്തുവെന്നെത്തുറിച്ചുനോക്കീ തദാ. ചിത്തോന്മിഷല്‍ സ്നേഹസംസ്പൃഷ്ടമല്ലെങ്കി- ലെത്ര രസോജ്ത്ധിതമാകുന്നു ലാളനം! പാരിലെപ്പാഴ്മണ്‍തരിയെത്തലോടുവാന്‍ ദൂരാല്‍ത്തെളിഞ്ഞു കൈനീട്ടും പുലരൊളി, ചോദിച്ചതെങ്കല്‍പ്പതിയും സ്മിതത്തിനാല്‍ "മാതൃഹൃദയവും പ്രേമദരിദ്രമോ?" വറ്റിക്കഴിഞ്ഞീല കണ്ണുനീ,രെങ്കിലും പെട്ടെന്നു പുഞ്ചിരിക്കൊള്‍കയാമെന്‍ മകള്‍ എന്നന്തരാത്മാവിലൂറുന്ന വാത്സല്യ- വിണ്‍നീരിനാലീയുലകം നനയ്ക്കുവാന്‍ ശാശ്വതകര്‍ഷകന്‍ ശ്രദ്ധയാ നിര്‍മ്മിച്ച നീര്‍ച്ചാലുപോലെ സംശോഭിച്ചിതോമലാള്‍.

വള്ളത്തോള്‍ : എന്റെ ഗുരുനാഥൻ

എന്റെ ഗുരുനാഥൻ ലോകമേ തറവാടു തനിക്കീ ചെടികളും പുല്‍കളും പുഴുക്കളും കൂടിത്തന്‍ കുടുംബക്കാര്‍ ത്യാഗമെന്നതേ നേട്ടം, താഴ്മതാനഭ്യുന്നതി യോഗവിത്തേവം ജയിക്കുന്നിതെന്‍ ഗുരുനാഥന്‍ താരകാമണിമാല ചാര്‍ത്തിയാലതും കൊള്ളാം കാറണിച്ചെളി നീളെപ്പുരണ്ടാലതും കൊള്ളാം; ഇല്ലിഹ സംഗം ലേപമെന്നിവ, സമസ്വച്ഛ- മല്ലയോ വിഹായസ്സവ്വണ്ണമെന്‍ ഗുരുനാഥന്‍ ദുര്‍ജ്ജന്തുവിഹീനമാം ദുര്‍ല്ലഭതീര്‍ത്ഥഹ്രദം കജ്ജലോല്‍ഗമമില്ലാത്തോരു മംഗളദീപം പാമ്പുകള്‍ തീണ്ടീടാത്ത മാണിക്യമഹാനിധി, പാഴ്‌നിഴലുണ്ടാക്കാത്ത പൂനിലാവെന്നാചാര്യന്‍ ശസ്ത്രമെന്നിയേ ധര്‍മ്മസംഗരം നടത്തുന്നോന്‍, പുസ്തകമെന്യേ പുണ്യാദ്ധ്യാപനം പുലര്‍ത്തുന്നോന് ‍ഔഷധമെന്യേ രോഗം ശമിപ്പിപ്പവന്‍, ഹിംസാ- ദോഷമെന്നിയേ യജ്ഞം ചെയ്‌വവനെന്നാചാര്യന്‍ ശാശ്വതമഹിംസയാണമ്മഹാത്മാവിന്‍ വ്രതം ശാന്തിയാണവിടേയ്ക്കു പരദേവത പണ്ടേ ഓതുമാറുണ്ടദ്ദേഹം, 'അഹിംസാമണിച്ചട്ട- യേതുടവാളിന്‍ കൊടും വായ്ത്തല്‌ മടക്കാത്തൂ?' ഭാര്യയെക്കണ്ടെത്തിയ ധര്‍മ്മത്തിന്‍ സല്ലാപങ്ങ- ളാര്യസത്യത്തിന്‍ സദസ്സിങ്കലെസ്സംഗീതങ്ങള്‍ മുക്തിതന്‍ മണിമയക്കാല്‍ത്തളക്കിലുക്കങ്ങള്‍, മുറ്റുമെന്‍ ഗുരുവിന്റെ ശോഭനവചനങ്ങള്‍ പ്രണയത്താലേ ലോകം വെല്ലു...